കൊച്ചി: ഇന്ത്യയുടെ ഹരിത ഊർജമേഖലയിലും എഥനോൾ ഉത്പാദന രംഗത്തും നിർണായക ചുവടുവയ്പായി ഗോവയിൽ 700 കോടിയുടെ വൻകിട ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്റ് യാഥാർഥ്യമാകുന്നു. രാജ്യത്തെ പ്രമുഖ ബയോഎനർജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, എൻജിനിയറിംഗ് സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് സെൻട്രിയൽ ബയോഫ്യുവൽസ് ലിമിറ്റഡ് പദ്ധതി നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യാധിഷ്ഠിത എഥനോൾ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സംരംഭം ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമിലാണു സ്ഥാപിക്കുക. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഏകദേശം 1,000 പേർക്ക് നേരിട്ടും 3,000 ത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോജിസ്റ്റിക്സ്, കാർഷിക മേഖല, ഗതാഗതം, എൻജിനിയറിംഗ്, സേവന മേഖലകൾ എന്നിവയിലും അനുബന്ധ വ്യവസായങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
പ്ലാന്റിന് ആവശ്യമായ ധാന്യങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നു ശേഖരിക്കും. പ്ലാന്റിന് ചുറ്റുമുള്ള 200 കിലോമീറ്റർ പരിധിയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇതിനകം പൂർത്തിയാക്കിയതായി സെൻട്രിയൽ ബയോഫ്യുവൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ പറഞ്ഞു.